Sunday 26 July, 2009

നിങ്ങള്‍ എന്നെ "യോന" യാക്കി

യോന എന്നാൽ "കമ്മ്യൂണിസ്റ്റ്‌"-ഇനു പകരം വക്കാനുള്ള വാക്കല്ലെന്നു കോൺവെന്റ്‌ സ്കൂളുകളിൽ ഉപ്പുമാവു കഴിക്കാൻ വേണ്ടി മാത്രം പഠിച്ചിട്ടുള്ളവർക്കു പോലും മനസ്സിലാകേണ്ടതാണു.(സത്യത്തിൽ ഞാൻ ആറാം ക്ലാസ്സ്‌ വരെ പഠിച്ച LF കോൺവെന്റിൽ ഉപ്പുമാവല്ല, കഞ്ഞിം പയറുമായിരുന്നു.പിന്നെ ഒരു പ്രാസ്സത്തിനു വേണ്ടി എഴുതിയന്നേ ഉള്ളു).പക്ഷെ എന്റെ അടുത്ത സുഹൃത്തും ഈ കഥയിലെ ഒരു മെയിൻ കഥാപാത്രവുമായ ലോമിൻ പറഞ്ഞതു "യോന" ആരാണെന്നു പറയുന്നതായിരിക്കും ഈ ബ്ലോഗ്‌ വായിച്ചാൽ മനസ്സിലാകാൻ നല്ലതു എന്നു.ബൈബിളിലെ യോന, പണ്ടു ഒരു കപ്പലിൽ പോകുമ്പോൾ കൊടുംങ്കാറ്റു ഉണ്ടായി കപ്പൽ മുങ്ങാൻ പോയപ്പൊൾ കൂടെ ഉണ്ടായിരുന്നവർ ആരാണു ഇതിനു കാരണം എന്നു നറുക്കിട്ടു നോക്കി.അവർക്കു യോനയുടെ പേരു കിട്ടി.അവസാനം യോനയെ എടുത്തു കടലിൽ എറിഞ്ഞപ്പൊൾ കടൽ ശാന്തമായി.

യോന തൽക്കാലം കടലിൽ തന്നെ കിടക്കട്ടെ.നമ്മുക്കു തിരിച്ചു വരാം.ഈ യോന സ്റ്റോറി നടക്കുന്നതു ഞങ്ങളുടെ സ്വന്തം കുന്നംകുളം പോളി ടെക്നിക്കിൽ ആണു.അവിടെ പത്താം ക്ലാസ്സ്‌കഴിഞ്ഞു കമ്പ്യൂട്ടർ ടെക്നോളജി എന്ന ബ്രാഞ്ചിനു ചേരുമ്പോൾ മനസ്സിൽ കുറച്ചല്ല, കുറേ അഹങ്കാരം ഉണ്ടായിരുന്നു.നാട്ടിലുള്ള ആരെങ്കിലും എന്തിനാ പഠിക്കുന്നേ എന്നു അറിയാതെയെങ്കിലും ചോദിക്കേണ്ട താമസം, പിന്നെയങ്ങോട്ടു കാച്ചുകയല്ലേ. കമ്പ്യൂട്ടർ, C, Cpp അങ്ങനെ പേരു മാത്രം അറിയുമായിരുന്ന എല്ലാ സബ്ജെക്റ്റുകളും വിളിച്ചു പറഞ്ഞു ആളായി, കേൾക്കുന്നവരിൽ ഇവൻ ഒരു കിടിലൻ തന്നെ എന്ന ഒരു ചിന്തയുണ്ടാക്കുക.അത്ര മതി.ഞാൻ ഹാപ്പി.അതിൽ എന്തൊക്കെയാ പഠിക്കുന്നേ എന്ന അവരുടെ തന്നെ അടുത്ത ചോദ്യത്തിനു വീണ്ടുംവെയ്റ്റ്‌ ചെയ്യുമായിരുന്നെങ്കിലും, കുറച്ചൊക്കെ കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവരൊടു "പോളിയിലാ"എന്നു മാത്രമേ പറയുമായിരുന്നുള്ളു. സബ്ജെക്റ്റും ഇല്ല ബ്രാഞ്ച്‌ ഉം ഇല്ല.വെറും പോളി.

ആ 'വെറും പോളി' യിൽ ഫൈനൽ ഇയർ ആയപ്പൊള്ളാണു ഈ സംഭവം നടക്കുന്നതു.പൊളിറ്റിക്സിൽ മാത്രം താൽപര്യമുണ്ടായിരുന്ന ഞാനും ലോമിനും (എന്നു പറയുമ്പോൾ വായനോട്ടം പിന്നെ നിന്റെയൊക്കെ "മറ്റവൻ" ആണോ ചെയ്തിരുന്നതു എന്നു ചോദിക്കരുതേ!) ഒരു തീരുമനമെടുത്തു.ഈ വർഷം, നമ്മൾ പഴയ പോലെ കച്ചറകൾ ആവില്ല.സാധാരണ അലമ്പു കേസുകളിൽ മാത്രം പേരു കേട്ടിരുന്ന ഞങ്ങൾക്കിതു നടപ്പിൽ വരുത്താൻ വളരെ ബുദ്ധിമുട്ടായിരുന്നു.എന്നിട്ടും എന്തിനു നന്നാകാൻ നോക്കി എന്നു ചോദിച്ചാൽ, അതിനുള്ള ഉത്തരമാണു "ഇന്റേർണൽ മാർക്ക്സ്‌".ആദ്യത്തെ രണ്ടു വർഷങ്ങളിലും ഒട്ടുമിക്ക പേപ്പറുകളിലും ഇന്റേർണൽ "അണ്ടർ" അടിച്ചിട്ടും പരീക്ഷകൾ കടന്നുകൂടിയതിനു പിന്നിൽ ഒരുപാടു നേർച്ചകളുടെ കണക്കുകൾ ഇനിയും ബാക്കിയുണ്ടു. പക്ഷേ ഫൈനൽ ഇയർ അല്ലേ, pending ഉള്ള നേർച്ചകളൊന്നും നടത്താതിന്റെ പേരിൽ ഇനി ദൈവങ്ങളും കയ്‌വിട്ടാലോ എന്നു ഒരു പേടി.അങ്ങനെ ആണു ഈ തീരുമാനത്തിൽ എത്തിയതു. എന്നാൽ ഞങ്ങൾ നന്നാകാൻ തീരുമാനിച്ചു എന്ന വിവരം വേറെ ആർക്കും അറിയില്ലായിരുന്നു.ഞങ്ങൾക്കു പോലും ഇടക്കു ഒരു സംശയം തോന്നിയിരുന്നു. നമ്മൾ നന്നായോ അതൊ ഇനിയും നന്നകാനുണ്ടോ? ഒടുവിൽ പഠിച്ച ക്ലാസ്സിലെ ഒട്ടുമിക്ക "നല്ലവന്മാരും"ഞങ്ങളേക്കൾ കച്ചറകൾ ആണെന്നു പരസ്പരം പറഞ്ഞു, ഞങ്ങൾ സമാധാനിച്ചു പോന്നു.സ്ഥിരമായി വൈകി വന്നിരുന്ന ഞങ്ങൾ 9 മണിക്കു മുൻപു ക്ലാസ്സിൽ വരുന്നു, അസൈന്‍മന്റ്സ്‌ കറക്റ്റ്‌ സമയത്തു വക്കുന്നു, പാർട്ടി സമരത്തിന്റെ ദിവസം പ്രകടനങ്ങളിൽ നിന്നും വിട്ടു നിൽക്കുന്നു.ആകപാടെ ചെയ്യാവുന്നതു എല്ലം ചെയ്തിട്ടും ഞങ്ങളുടെ "സജി"(അക്റ്റിംഗ്‌ HOD) സാറിനു മാത്രം അങ്ങോട്ടു പിടിക്കുന്നില്ല.അങ്ങനെ മൂപ്പർ തന്ന പണിയാണു "കാർഡ്‌ റീഡർ പ്രോജക്ട്‌".അതായതു ഞങ്ങൾ ഉണ്ടാക്കുന്ന ഹാർഡ്‌വെയറിൽ ഒരു കാർഡ്‌ ഇടും.അതിൽ നിന്നു ആ കാർഡിന്റെ ഉടമയായ വിദ്യാർത്ഥിക്കു ഹാജർ കമ്പ്യൂട്ടറിൽ മാർക്ക്‌ ചെയ്യണം.

ഫൈനൽ പ്രോജക്ട്‌ ആയി ഇതു ചെയ്‌തേ പറ്റൂ, അല്ലെങ്കിൽ ഡിപ്ലോമ ഫിലിം സ്റ്റാർ ഗോവിന്ദ.വേണ്ട എന്നു എത്ര പറഞ്ഞലും ജഡ്ജി കേൾക്കില്ലലോ.വിധി വന്നു. വരാനുള്ളതു ഓട്ടോയല്ല,റോക്കറ്റ്‌ പിടിച്ചും വരും എന്നു ഞങ്ങൾക്കു മനസ്സിലായി.മൂന്‌ചലിന്റെ ഒരു മണി എവിടേയോ അടിച്ച പോലെ തോന്നി.കാരണം ഹാർഡ്‌വെയർ പ്രോജക്ട്‌ ആണു.സോഫ്റ്റ്‌വെയർ തന്നെ എന്താണെന്നു ശരിക്കറിയാത്ത ഞങ്ങൾക്കാണു ഹാർഡ്‌വെയർ.പോരേ പൂരം.മൂപ്പിലാനു(സജിക്കു) അതു അടിച്ചു മാറ്റി വേറെ എവിടെയോ സബ്മിറ്റ്‌ ചെയ്യാനാണു ഞങ്ങളെക്കൊണ്ടു ചെയ്യിക്കുന്നതു. ചുരുക്കി പറഞ്ഞാൽ തുമ്പിയെക്കൊണ്ടു കല്ലു എടുപ്പിക്കുക! ചെറുപ്പത്തിൽ ഞാൻ, കുറെ കല്ലു, തുമ്പികളെക്കൊണ്ടു എടുപ്പിച്ചിട്ടുണ്ടു; എന്നു വച്ചു? ഇയാൾക്കു വയസ്സായില്ലേ? വേറെ കളിയൊന്നും കിട്ടിയില്ലേ? എന്നൊക്കെ എനിക്കു സംശയമായി. അങ്ങനെ ഈ "കല്ലു" വർക്കിനു, മണ്ണു വാരൽ, വെള്ളം ഒഴിക്കൽ എന്നു വേണ്ട എല്ലാ കഠിന ജോലികളും ചെയ്യാനായി ഞാനും ലോമിനും അടക്കം അഞ്ചു പേരുടെ, ടീം ഉണ്ടാക്കി.രണ്ടു വിനീഷുമാർ(ഒരു വല്ല്യേ വിനീഷും ഒരു കുട്ടി വിനീഷും) പിന്നെ ഷിയാദും.ഒറ്റ പെൺപ്പിള്ളേർ ഇല്ല.അതൊടെ ഇന്റെറെസ്റ്റ്‌ പോയികിട്ടി.അല്ല ഈ പെൺപ്പിള്ളേർ എങ്ങനെ വരാനാ?, അത്രക്കു ഉണ്ടായിരുന്നു അവരുടെയിടയിൽ ഞങ്ങളുടെ ഇമേജ്‌.

എന്റെ ടീമിലെ "കുട്ടി വിനീഷ്‌" അഥവാ ജയൻ - ഇടക്കു ക്ലാസ്സിൽ അവൻ ജയനെ ഇമിറ്റേറ്റ്‌ ചെയ്യാറുണ്ടു, പക്ഷെ അതു ജയനാണെന്നു അവൻ പറഞ്ഞാലേ ഞങ്ങൾക്കു മനസ്സിലാകുമായിരുന്നുള്ളു എന്നു മാത്രം, ആ ജയൻ ഫുൾറ്റൈം, പ്രോജക്ടിനു വേണ്ടി ആത്മാർത്ഥമായി പരിശ്രമിക്കുമെന്നും എർണാംകുളത്തു പോയി ഹാർഡ്‌വെയറിനു വേണ്ട ഡിങ്കൊഡാൽഫികൾ വാങ്ങിക്കാമെന്നു ഉറപ്പു തന്നു.വലിയ വിനീഷു, "ജയന്റെ" കൂടെ എന്തിനും ഉണ്ടാകുമെന്നു വാക്കു പറഞ്ഞു.ഞങ്ങളുടെ ടീമിന്റെയും പെൺപ്പിള്ളേർ ഉള്ള മറ്റു ടീമുകളുടേയും ഇടയിൽ പ്രോജക്ട്‌ റിലേറ്റട്‌ എന്നു ഞങ്ങളിൽ ഒരാളയ ഷിയാദു മാത്രം പറയുന്ന വിവരങ്ങൾ, എന്നുവച്ചാൽ, എന്നാണു സബ്മിറ്റ്‌ ചെയ്യേണ്ടതു, റിപ്പോർട്ട്‌ എങ്ങനെ പ്രിന്റ്‌ അടിക്കണം, ബൈൻഡ്‌ ചെയ്യാൻ ചിലവു കുറഞ്ഞ സ്ഥലം എവിടെയാണു,അ കോൺട്രാക്റ്റ്‌ ക്ലാസ്സിൽ ഏറ്റെടുക്കാൻ ആരൊക്കെയാണു ചരടു വലിക്കുന്നതു, ശ്രമിച്ചാൽ ആ കോൺട്രാക്റ്റ്‌ ഞങ്ങൾക്കു കിട്ടുമോ,എന്നൊക്കെയുള്ള ക്ലാസ്സിൽ കേറുന്നവർക്കു മാത്രം അറിയാവുന്ന വിവരങ്ങൾ, കയ്മാറാനുള്ള ഭാരിച്ച ജോലി ചെയ്യാൻ ഷിയാദ്‌ സ്വയം റെഡി ആയി.ഈ ജോലി എന്നെയും ലോമിനെയും ഏൽപ്പിച്ചാൽ മതിയായിരുന്നു.ഞാനാണെങ്കിൽ ക്ലാസ്സ്‌ റെപ്പും.പക്ഷെ ഞങ്ങൾ നന്നായ വിവരം ഞങ്ങൾക്കു മാത്രമല്ലേ അറിയൂ.എന്തു ചെയ്യാം , നന്നായി എന്നു വല്ല സ്റ്റിക്കർ ഒട്ടിച്ചാലോ എന്നു വരെ ഞാൻ ആലോചിച്ചു.അങ്ങനെ എനിക്കും ലോമിനും മാത്രം ഔദ്യോധിക ജോലികൾ ഒന്നും ഇല്ല. അങ്ങനെ മാന്നാർ മത്തായി സ്റ്റൈൽ ഇൽ സംഗതികൾ എല്ലാം പറഞ്ഞു കോമ്പ്ലിമന്റ്സ്‌ ആക്കി.ഞാനും ലോമിനും സബ്മിറ്റ്‌ ഡേയിൽ കാണം എന്നു മറ്റുള്ളവരൊടു പറഞ്ഞു യാത്രയായി.

പ്രോജക്ട്‌ ചെയ്യാൻ ഞങ്ങൾക്കു മാത്രം കമ്മീഷൻ കിട്ടിയിരുന്ന, LCC യിൽ പോയി.പക്ഷെ അവിടെ ഞങ്ങൾ പോളിയിലെ പോലെ നല്ലകുട്ടികൾ ആയിട്ടില്ലലോ(എന്തിനു നന്നാവണം? ഇവിടെ എന്തു ഇന്റേർണൽ).പണ്ടത്തെ ചങ്കരന്മാർ തെങ്ങുമേൽ തന്നെയിരുന്നു ജ്യൂസ്സ്‌ കുടിക്കുന്നു.എന്നാലും ഭാവിയിൽ ഒരു കമ്പനി ഉണ്ടാക്കുമെന്നു സ്വപ്നം കണ്ടു നടന്നിരുന്ന ഞാനും ലോമിനും ആ കമ്പനിയുടെ പേരു ഈ പ്രോജക്ടിനു സന്തോഷത്തോടെ ഇഷ്ടദാനം ചെയ്തു.എന്നുവച്ചാൽ ഒരു പേരിട്ടു. Milosoft.കേൾക്കുന്ന ഏതവനും മനസ്സിലാകും അതിൽ എന്റെയും ലോമിന്റെയും പേരിന്റെ ആദ്യാക്ഷരങ്ങൾ മാത്രമേ ഉള്ളൂ എന്നു (mijesh ന്റെ "mi" ഉം lomin ന്റെ "lo" യും) .എന്നാലും അതിൽ വിനീഷുമാരും ഷിയാദും ഒളിച്ചിരിപ്പുണ്ടെന്നു ഞങ്ങൾ സ്‌ഥാപിച്ചു.'milo' യിലെ 'i' വിനീഷിന്റെ ആണെന്നും, 'soft' ഇലെ 's' ഷിയാദിന്റെ ആണെന്നും ഞങ്ങൾ പബ്ലിസിറ്റി കൊടുത്തു.അവർ എന്തുകൊണ്ടു ഇതൊന്നും എതിർത്തില്ല എന്നു ചോദിച്ചാൽ, അതു എനിക്കു ഇപ്പൊഴും ഒരു പിടിയും കിട്ടുന്നില്ല.അങ്ങനെ എല്ലാ ഫയലുകളുടെയും പേരിൽ ഒരു milosoft കൂടി ചേർത്തു ഞങ്ങൾ സേവു ചെയ്യാൻ തുടങ്ങി.പ്രോജക്ട്‌ സബ്മിറ്റ്‌ ഡേറ്റ്‌ ഒരിക്കലും ആകാതിരിക്കാൻ ഞങ്ങൾ പ്രാർത്ഥിക്കാൻ തുടങ്ങി.താൻ പാതി ദൈവം പാതി എന്നാണല്ലോ.പക്ഷേ ദൈവത്തിന്റെ പാതി ഈ പറഞ്ഞ സബ്മിറ്റ്‌ ഡേറ്റ്‌ വരാൻ കണ്ണിൽ പാമൊയിൽ ഒഴിച്ചു കാത്തിരുന്ന മറ്റു ടീമുകൾക്കു അനുകൂലമായി. ദൈവം ചതിച്ചതാണോ സൂര്യൻ ഉദിച്ചതാണോ എന്നു അറിയില്ല - പ്രോജക്ട്‌ ഇന്റേർണൽ സബ്മിഷനുള്ള ദിവസം വന്നു.ഒരു വടിയും ചെയ്തു കഴിഞ്ഞിട്ടില്ല. ആകപ്പാടെ ഉണ്ടാക്കിയ ഹാർഡ്‌വെയറിൽ ഒരുപ്രാവശ്യം കാർഡ്‌ കയറി ഇറങ്ങി വരുന്ന സമയം ഉണ്ടെങ്കിൽ ഒരു ക്ലാസ്സിലെ മുഴുവൻ അറ്റെൻഡൻസും സാധാരണ റെജിസ്റ്ററിൽ എഴുതിയെടുക്കാം എന്ന അവസ്ഥ.പോരാത്തതിനു, ഈ പണ്ടാരം റീഡ്‌ചെയുന്ന ഡാറ്റയാണെങ്കിൽ കറക്‌റ്റും ആകുന്നില്ല.പക്ഷേ മറ്റു എല്ലാ ടീമുകളും സബ്മിറ്റ്‌ ചെയ്തു കഴിഞ്ഞു.മിക്കവരും കാശു കൊടുത്തു വാങ്ങിയ പ്രോജക്ടുകൾ ആയിരുന്നു.ഞങ്ങൾ മാത്രം കാശു കൊടുത്തില്ല.അതു തനിയെ ചെയ്യാനുള്ള ആക്രാന്തം കൊണ്ടൊന്നുമല്ല.കാശു കൊടുത്താലും ഇതു ആരെങ്കിലും ഉണ്ടാക്കി തരേണ്ടേ. സജി സാറിനെ വീണ്ടും ശപിച്ചു.$#%#$%(ഇതു ട്രാൻസ്‌ലേറ്റ്‌ ചെയ്യുന്ന പ്രശ്നമില്ല).

പ്രോജക്ട്‌ ചെക്ക്‌ ചെയ്യാൻ അങ്ങേർ വരുന്നുണ്ടു.ഞങ്ങൾ നാലഞ്ചു പ്രാവശ്യമായിട്ടു ലാബിൽ സാർ അടുത്തെതുമ്പോൾ സർക്കസ്സ്‌ കളിക്കുന്നു.ടിക്കറ്റ്‌ എടുക്കാതെ സജി സാർ ഓസിനു കാണുന്ന ആ സർക്കസ്സ്‌ മറ്റു ടീമുകളിലെ പെൺപ്പിള്ളേർ കൂടി കാണാതിരിക്കാൻ 6 അടികാരനായ ലോമിൻ മറ നിന്നു.എന്നിട്ടും ഒരു രക്ഷയും ഇല്ല.സാറിന്റെ കാലു പിടിച്ചു. അങ്ങേരു പറഞ്ഞു "രണ്ടു ദിവസം കൂടി തരാം".ആയിക്കൊട്ടെ, രണ്ടെങ്കിൽ രണ്ട്‌.അങ്ങനെ രണ്ടു ദിവസങ്ങൾ കുറേ തവണ വാങ്ങാനുള്ള സൗഹൃദം ഞങ്ങളും സജി സാറും തമ്മിൽ ഇല്ലാതിരുന്നതുക്കൊണ്ടു, സബ്മിറ്റ്‌ ചെയ്യാൻ പറഞ്ഞ ദിവസം ഇടക്കു ലാബിലെ ഫ്യൂസ്‌കളഞ്ഞും, ലാബിൽ ബോംബ്‌ ഉണ്ടെന്നു ഫോൺ വിളിച്ചു പറഞ്ഞും, കേരളത്തിലെ പ്രശ്നങ്ങൾ പോരാഞ്ഞിട്ടു തമിഴ്‌ നാട്ടിലെ പ്രശ്നങ്ങളുടെ പേരിൽ വരെ പാർട്ടി പേരിൽ സമരമെടുത്തും സബ്മിഷൻ ഡേറ്റ്‌ മാറ്റി മാറ്റി, ഫൈനൽ എക്സാമിന്റെ തൊട്ടുമുൻപുള്ള ആഴ്ച വരെ അതു കൊണ്ടു പോയി.എന്നിട്ടും ശരിയാകുന്നില്ല! ഇടക്കിടക്കു ശരിയാകുന്നില്ല എന്നു കേൽക്കുമ്പോൾ നിങ്ങൾക്കു തോന്നും ഞങ്ങൾ എന്തൊക്കെയോ ചെയ്തിരുന്നു പക്ഷെ കുറച്ചു ഭാഗങ്ങൾ മാത്രം ഇനിയും ശരിയകാനുണ്ടു എന്നു.ആ ഒരു പ്രതീതി തന്നെയാണു അവിടെ എല്ലാവർക്കും ഞങ്ങൾ ഉണ്ടാക്കി കൊടുത്തതു - ഒന്നും ചെയ്യാതെ ഉഴപ്പി നടന്നപ്പോൾ പോലും.സജി സാർ ചോദിക്കുമ്പോൾ, ഞങ്ങൾ ആ പോർട്ട്‌ ഈ പോർട്ട്‌ പാരലൽ പോർട്ട്‌, എയർപ്പോർട്ട്‌-എന്നിങ്ങനെ ഒന്നും അറിയില്ലെങ്കിലും, അപ്പൊ തോന്നിയതു മുഴുവൻ അങ്ങു തട്ടി വിടും. അങ്ങനെ സജി സാർ തന്ന അവസാന ചാൻസ്‌ വന്നു.ഇന്നു ശരിയായിലെങ്കിൽ? ഡിപ്ലോമ ഒരു സ്വപ്നംമാത്രം.കുറെ തവണ ശ്രമിച്ചിട്ടു ശരിയകാത്തതുകൊണ്ടു ഞങ്ങളിൽ പലരും നല്ല ദൈവവിശ്വാസികളും ക്രമേണേ അന്‌ധവിശ്വാസികളും ആയി തുടങ്ങിയിരുന്നു.അങ്ങനെ ഏതാണ്ട്‌ വർക്ക്‌ ചെയ്യുന്ന കുന്ത്രാടവുമായി കുന്നംകുളത്തിൽ നിന്നും ഓട്ടോയിൽ വരുമ്പൊഴാണൂ ഞങ്ങളിൽ ഒരാൾക്കു ഒരു വെളിപാടുണ്ടകുന്നത്‌ - "നമ്മളിലൊരാൾ യോന യാണു", അതുകൊണ്ടാണു ഈ കപ്പൽ മുങ്ങുന്നതു എന്നു പോലും.

എന്തു കൊണ്ടു ഈ പ്രോജക്ട്‌ ശരിയകുന്നില്ല എന്ന ഞങ്ങളുടെയും മറ്റു ടീമുകാരുടെയും ചോദ്യത്തിനു ഒരു ഉത്തരം അങ്ങനെ കിട്ടി."യോനയാണു കാരണം, അല്ലാതെ ഞങ്ങൾ ചെയ്യാത്തതുകൊണ്ടല്ല". ഇവിടെയാണു ഈ കഥയുടെ രണ്ടാം ഗട്ടം.(അതിനു ഒന്നാം ഗട്ടം എപ്പോഴായിരുന്നു എന്നൊന്നും ചോദിക്കരുതു, ചുമ്മ ഒരു സ്റ്റൈലിനു വേണ്ടി "ഗട്ടം" എന്നൊക്കെ എഴുതിയതാണു, നിങ്ങൾ അങ്ങു ക്ഷമി).

ആർക്കും യോന പദവി താൽപര്യമില്ല. യോനയായി തിരഞ്ഞെടുത്താൽ ജയൻ എന്ന വിളിപ്പേരു നഷ്ടപെടും എന്ന ദുഃഖത്തോടെ "കുട്ടി വിനീഷ്‌", ഞാൻ കാരണമാണു ഇതു മൂന്‌ചിയതു എന്നു പറഞ്ഞാൽ സഹിക്കാൻ കഴിയാതെ "വലിയ വിനീഷ്‌", പെൺപ്പിളേരുടെ ടീമുകളിൽ തന്റെ പവിത്രമായ ഇമേജ്‌ പോകുമെന്ന വിഷമത്തിൽ ഷിയാദ്‌, അലെങ്കിലെ ആവശ്യത്തിലധികം പേരുകള്ളുള്ള ഞാനും ലോമിനും എന്തൊക്കെ വന്നാലും ഈ യോന പദവി ഏറ്റു വാങ്ങിലെന്ന വാശിയിലും നിന്നു.

ഒടുവിൽ ആ യോനയെ കണ്ടുപിടിക്കാൻ വേണ്ടി നറുക്കിടാൻ തീരുമാനിച്ചു.അതിനു അഞ്ചു തുണ്ടുകടലാസുകൾ വെട്ടിയെടുത്തു.പേരു എഴുതാൻ കൂട്ടത്തിൽ നിന്നും എന്നെയും ലോമിനെയും തിരഞ്ഞെടുത്തു.ഞാൻ രണ്ടു പേരും, ലോമിൻ മൂന്നു പേരും എഴുതും.ടോട്ടൽ അഞ്ചു പേരുകൾ. ഞാൻ എഴുതാൻ തുടങ്ങി,ലോമിനും. ഏതാനും നിമിഷങ്ങൾക്കുള്ളിൽ ഒരാൾ യോനയാകും.അതൊടെ ഈ പ്രോജക്ടിന്റെ പാപഭാരമേൽക്കാൻ അല്ലെങ്കിൽ ഏൽപ്പിക്കാൻ ഒരാളെ ഞങ്ങൾക്കു കിട്ടും.പേരു എഴുതാൻ ഞാൻ പേന കയ്യിലെടുത്തു.ആരുടെ പേരു എഴുതണം.ആകപ്പാടെ ഒരു കൺഫൂഷൻ.സത്യസന്ധമായി അഞ്ചു പേരുടെയും പേരുകൾ ഞാനും ലോമിനും എഴുതിയാൽ ഒരു പ്രശ്നവുമില്ല.പക്ഷേ ഈ ലോമിനെ ഞാനും എന്നെ ലോമിനും കാണാൻ തുടങ്ങിയിട്ടു ഇപ്പൊ 3 വർഷം കഴിഞ്ഞില്ലേ.അതുകൊണ്ടു ഒരു കാര്യം എനിക്കു ഉറപ്പായിരുന്നു.ലോമിൻ മൂന്നു പേരുകൾ എഴുതും, പക്ഷെ അവന്റെ പേരു അതിൽ കാണില്ല. ഞാൻ എഴുതുന്ന രണ്ടു പേരിൽ എന്റെ പേരും കാണില്ല.കർത്താവേ എന്തു വില കൊടുത്തും യോനയാകാതെ നോക്കണം. എനിക്കു ചെറിയ ഒരു കുബുദ്ധി തോന്നി.എന്റെ കയ്യിലുള്ള രണ്ടു കടലാസിലും ലോമിന്റെയല്ലാതെ വേറെ ഒരാളുടെ പേരു മാത്രം എഴുതുക.അപ്പോ രണ്ടിലും ഒരാൾ.ടൊട്ടൽ അഞ്ചിൽ ലോമിൻ മാത്രം ഉണ്ടാകില്ല.എങ്ങാനും കഷ്ടകാലത്തിനു എന്റെ പേരു നറുക്കിട്ടു എടുത്താൽ, എല്ലാ ലിസ്റ്റുകളും തുറന്നു കാണിച്ചു കടലസുകളിൽ ഒന്നിലും ലോമിന്റെ പേരു ഇല്ല എന്നു സ്‌ഥാപിക്കുക.അപ്പൊ ലോമിൻ കള്ളക്കളി കളിച്ചു എന്നു പറഞ്ഞു യോന പദവി തിരസ്ക്കരിക്കുക.ഇനി അഥവാ നറക്കു കിട്ടുന്നതു വേറെ ആർക്കെങ്കിലുമാണെങ്കിൽ അവനെ യോനയാക്കുന്ന നേരത്തു പതുക്കെ ആരുമറിയാതെ കടലാസുകൾ കീറികളയുക.വാട്ട്‌ ഏൻ ഐഡിയ സേട്ട്ജി! ഞാൻ എന്റെ ഐഡിയ നടപ്പിൽ വരുത്തി.അതെ! രണ്ടിലും ഷിയാദിന്റെ പേരു എഴുതി!

വിനീഷ്‌(ജയൻ) നറക്കെടുത്തു.പേരു വിളിച്ചു - ഷിയാദ്‌.അങ്ങനെ അവൻ യോനയായി.എല്ലാവരും അവനെ കളിയാക്കാൻ തുടങ്ങിയ നേരത്തു അഞ്ചു കടലസുകളും ഞാൻ ആരുമറിയാതെ എന്റെ പോക്കെറ്റിൽ ഒളിപ്പിച്ചു. പക്ഷേ എവിടുന്നാണെന്നറിയില്ല എനിക്കു പെട്ടന്നു കുറ്റബോധം വരാൻ തുടങ്ങി.സാധാരണ ഇതില്ലപ്പുറവും ചെയ്തിട്ടും വരാത്തതാണു; ഇതിപ്പോ എവിടുന്നു വന്നോ ആവൊ? വലിഞ്ഞു കേറി വന്നോളും, ശല്യം.

എല്ലാവരും ഷിയാദിനെ കളിയാക്കുന്നു.ഞാൻ കള്ളത്തരം കാണിച്ചിലായിരുന്നെങ്കിൽ ഒരുപക്ഷേ അവനു നറുക്കു വീഴിലായിരുന്നു.ഞാൻ മാത്രം എന്തുകൊണ്ടു അങ്ങനെ ചിന്തിച്ചു.സത്യം വിളിച്ചു പറയാൻ തോന്നി.പക്ഷേ അതൊടെ ഞാൻ യോനയാകും.എന്തു ചെയ്യണം? ചിലപ്പോൾ ഞാൻ മാത്രമായിരിക്കും ഷിയാദിന്റെ പേരെഴുതിയിരിക്കുക.ലോമിൻ ചിലപ്പോൾ എന്റെയും രണ്ടു വിനീഷുമാരുടെയും പേരുകൾ എഴുതി കാണും.ഒരു ആകാംക്ഷയും, കുറ്റബോധം വന്ന അതേ വഴിയിലൂടെ ഓടി വന്നു.ലോമിൻ ആരുടെ പേരൊക്കെയാണു എഴുതിയതു? ആരുമറിയാതെ ഞാൻ ലോമിൻ എഴുതിയ 3 കടലാസുകളും തുറന്നു.എനിക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല. മൂന്നിലും "ഷിയാദ്‌"!!!അങ്ങനെ അഞ്ചിൽ എല്ലാവരും അർജുനൻ.

ഞാൻ ലോമിന്റെ മുഖത്തേക്കു നോക്കി.അവൻ ഒന്നും അറിയാത്ത പോലെ ഷിയാദിനെ കളിയാക്കിക്കൊണ്ടിരിക്കുന്നു.അതു എനിക്കു ഒരൽപ്പമല്ല ഒരുപാട്‌ ആശ്വാസം നൽകി.കാരണം മൂന്നിലും ഷിയാദിന്റെ പേരെഴുതിയ ലോമിനില്ലാത്ത കുറ്റബോധം എനിക്കെന്തിനു? ഞാൻ ആ കടലാസുകൾ കീറികളഞ്ഞ്‌ മറ്റുള്ളവരുടെ കൂടെ ചേർന്നു, നമ്മുടെ സ്വന്തം യോനയെ കളിയാക്കാൻ.

യോനയെ കണ്ടുപിടിച്ചതുക്കൊണ്ടോ എന്തൊ അന്നു ആ പ്രോജക്ട്‌ വർക്ക്‌ ആയി.സജി സാർ ഞങ്ങളുടെ ടീമിനു ഹയ്യസ്റ്റ്‌ മാർക്കും തന്നു.അല്ലെങ്കിലും സാർ നല്ലവനാ.ആരാ പറഞ്ഞേ അങ്ങേരു ദുഷ്ടനാണെന്നു? ;-)

എത്ര ആലോചിച്ചിട്ടും ഉത്തരമില്ലാതെ കുറെ സംശയങ്ങൾ ഇപ്പൊഴും ബാക്കി......

1. ശരിക്കും എന്തു വിശ്വസിച്ചിട്ടാണു അവർ എന്നെയും ലോമിനെയും പേരെഴുതാൻ കടലാസുതുണ്ടു ഏൽപ്പിച്ചതു?

2. ഇതേ ട്രിക്ക്‌ ആണോ ബൈബിളിൽ, മറ്റുള്ളവർ ഒറിജിനൽ യോനക്കെതിരെ ഉപയോഗിച്ചത്‌?

3. നറുക്കു എഴുതുമ്പൊൾ എന്തുക്കൊണ്ടു എന്റെയും ലോമിന്റെയും മനസ്സിൽ മറ്റു പേരുകൾ വന്നില്ല?

4. ഞങ്ങളിൽ ആരായിരുന്നു ആക്ചൽ യോന???